എക്കാലത്തെയും ഏറ്റവും വലിയ മിസ്റ്റിക് കവിയായ ജലാലുദ്ദീൻ റൂമിയുടെ കവിതകൾ . മൂന്നാം പതിപ്പ്.
റൂമിയുടെ കവിതയ്ക്ക് സഫലമായ ഒരു മുഖവര നല്കുന്നതിൽ ചില വിവർത്തകർ വിജയിക്കാറുണ്ട്. എന്നാൽ മൂലകവിതയുടെ അർത്ഥസംബന്ധമായ സങ്കീർണ്ണതകളോടു മല്ലുപിടിക്കേണ്ടിവരികയും പേഴ്സ്യൻ ഭാഷയ്ക്കു സഹജമായ പദാഭ്യാസങ്ങൾ ലക്ഷ്യഭാഷയിലേക്കു കൈമാറ്റം ചെയ്യേണ്ടിവരികയും ചെയ്യുമ്പോൾ വിവർത്തകരിൽ നിന്നു നാമെന്താണു പ്രതീക്ഷിക്കുന്നത്? വിവർത്തനം ചെയ്യാൻ പറ്റാത്തതിനെ ഒഴിവാക്കാൻ വിവർത്തകനെ പ്രേരിപ്പിക്കും വിധമായിരിക്കും ചില വെല്ലുവിളികൾ. എന്നാൽ വിജയിച്ച ഒരു വിവർത്തനത്തിന് മൂലകവിതയുടെ ആത്മാവിനെ പിടിച്ചെടുക്കാൻ കഴിയും. 1791ൽ സർ വില്ല്യം ജോൺസ് ക്ലാസ്സിക്കൽ പേഴ്സ്യൻ കവിത വിവർത്തനം ചെയ്യുന്ന സമയത്ത് ഫ്രാൻസെസ് ടൈലർ (Frances Tyler) തന്റെ “വിവർത്തനത്തിന്റെ തത്വങ്ങൾ” എന്ന കൃതിയിൽ (വിവർത്തനത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയിലുണ്ടാകുന്ന ആദ്യത്തെ പഠനവുമാണത്) വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയ്ക്ക് ഊന്നൽ കൊടുക്കുന്നുണ്ട് :“വിവർത്തനത്തിന് മൂലരചനയുടെ അനായാസത അങ്ങനെതന്നെ ഉണ്ടായിരിക്കണം.” വിവർത്തനത്തിൽ തന്റേതായ ഒരു വ്യാഖ്യാനം കൊണ്ടുവരുന്നതിൽ മൂലകൃതിക്കുള്ള പവിത്രമായ പദവി വിവർത്തകന് ഒരു തടസ്സമാകാൻ പാടില്ല എന്നും നമുക്ക് ഇതിനോടു കൂട്ടിച്ചേർക്കാം. പദബന്ധങ്ങൾ, രൂപം, വൃത്തം, താളം ഇതിലൊക്കെ അയാൾക്ക് തന്റെ കഴിവനുവദിക്കുന്നിടത്തോളം സ്വാതന്ത്ര്യമെടുക്കാം, വിവർത്തനം സുഗമമാകുന്നിടത്തോളം.
(Maryam Mafi, Azima Melita Kolin എന്നിവർ ചേർന്നു വിവർത്തനം ചെയ്ത Rumi’s Little Book of Life എന്ന പുസ്തകത്തിന്റെ അവതാരികയിൽ Narguess Frarzad.)