ആധുനിക ഹീബ്രുകവിതയിലെ ഏറ്റവും മഹാനായ കവിയാണ് യഹൂദ അമിഹായി Yehuda Amichai. ദാവീദ് കഴിഞ്ഞാൽ ഏറ്റവുമധികം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഹീബ്രുകവി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ജർമ്മനിയിൽ ജനിച്ച അമിഹായി പന്ത്രണ്ടാമത്തെ വയസ്സിൽ കുടുംബാംഗങ്ങളോടൊപ്പം പാലസ്തീനിലേക്കു കുടിയേറി. 1956ലെയും 1973ലെയും അറബ്-ഇസ്രയേലി യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. എല്ലാ കവിതയും രാഷ്ട്രീയകവിതയാണെന്ന് അമിഹായി പറയുന്നു. എന്തെന്നാൽ യഥാർത്ഥകവിത യാഥാർത്ഥ്യത്തോടുള്ള മനുഷ്യപ്രതികരണമാണ്. അതിനാൽ ചരിത്രം ആ കവിതയുടെ ഒരു മുഖമാകുന്നു. മറ്റൊരു മുഖമാണ് ദൈവവുമായുള്ള നിരന്തരസംവാദം. അടിയുറച്ച സെക്കുലറിസ്റ്റ് ആയിരുന്നുവെങ്കിലും മൂവായിരം കൊല്ലം പിന്നിലേക്കു പോകുന്ന ഒരു പാരമ്പര്യത്തെ അങ്ങനെയങ്ങു കുടഞ്ഞുകളയാൻ ഈ കവിയ്ക്കു കഴിയുന്നില്ല. ഇതിനൊക്കെപ്പുറമേ ഉജ്ജ്വലവും നിർലജ്ജവുമായ പ്രണയകവിതകളുടെ നിലയ്ക്കാത്ത ഉറവ കൂടിയാണ് അമിഹായി. അതിൻ്റെ ബിംബാവലിയാകട്ടെ, വേദപുസ്തകത്തിൻ്റേതും.
പുസ്തകം ഏപ്രിൽ ആദ്യം. വില 200 രൂ. ഇപ്പോൾ 150 രൂപയ്ക്ക് ബുക്ക് ചെയ്യാം.





