പാലസ്തീൻ പ്രതിരോധത്തിൻ്റെ കവിയായ മഹ് മൂദ് ദർവീശിൻ്റെ അവസാനത്തെ കവിതാസമാഹാരം.
മരിക്കുന്നതിന് എട്ടുമാസം മുമ്പാണ് മഹ്‌മൂദ് ദർവീശിൻ്റെ അവസാനത്തെ പുസ്തകമായ “ഒരു പുഴ ദാഹിച്ചുമരിക്കുന്നു” (അറബിയിൽ ശലഭച്ഛായ എന്ന അർത്ഥത്തിൽ ‘അത്തർ അൽ-ഫറാഷ’ ) പ്രസിദ്ധീകരിക്കുന്നത്. ഡയറിക്കുറിപ്പുകളും ഗദ്യകവിതകളും കവിതാഖണ്ഡങ്ങളും ചിന്താശകലങ്ങളും ഉജ്ജ്വലമായ നിരീക്ഷണങ്ങളും ആത്മധ്യാനങ്ങളും പൂർണ്ണരൂപത്തിലുള്ള കവിതകളുമൊക്കെയുള്ള ഒരു വിചിത്രസങ്കലനമാണ് ഈ സമാഹാരം. കവിതയും ഗദ്യവും തമ്മിലും രൂപഭദ്രതയും ഛന്ദോമുക്തതയും തമ്മിലുമുള്ള അതിർവരമ്പുകൾ കവി മനഃപൂർവ്വം തന്നെ അവ്യക്തമാക്കിയിരിക്കുന്നു. “ഇവിടെ എല്ലാ ഗദ്യവും കൈത്തഴക്കമില്ലാത്തവർ എഴുതിയ പ്രാകൃതകവിതയാണ്; ഇവിടെ എല്ലാ കവിതയും വഴിപോക്കർക്കു സുപ്രാപ്യമായ ഗദ്യമാണ്.”
ഒരേസമയം തൻ്റെ കാലാതീതത്വവും തൻ്റെ നശ്വരതയും അറിയുന്ന ഒരു കവിയുടെ അന്ത്യകാലരചനകളാണിവ. അയാൾ തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്നല്ലെങ്കിൽ നാളെ വരാവുന്ന മരണത്തിനേക്കാളുപരി കാലത്തിനും ഹൃദയത്തിനും പരിമിതികളുണ്ട് എന്ന യാഥാർത്ഥ്യത്തിലാണ്. അതിനാൽത്തന്നെ തൻ്റെ രചനകളുടെ പൊതുസ്വഭാവമായ പ്രമേയങ്ങളാണ് ഇവിടെയും ആവർത്തിക്കുന്നതെങ്കിലും അതിൽ ഒരു വിഷാദത്തിൻ്റെ നിഴൽ വീണുകിടപ്പുണ്ട്; ആ വിഷാദമാവട്ടെ, പ്രായത്തിനൊപ്പം , പ്രവാസം രേഖപ്പെടുത്തിയ ഒരു ദീർഘജീവിതത്തിനും തൻ്റെ ജന്മദേശത്തിനു മേലുള്ള അധിനിവേശത്തിനുമൊപ്പം വന്നുചേരുന്നതുമാണ്.
വിവ: വി. രവികുമാർ, ബിനി തോമസ്
Reviews
There are no reviews yet.