വിയെനർ ന്യൂസ്റ്റാഡ്റ്റിലെ മിലിട്ടറി അക്കാദമിയിൽ ഓഫീസർ കേഡറ്റ് ആയിരുന്ന പത്തൊമ്പതുകാരൻ ഫ്രാൻസ് ക്സേവർ കാപ്പുസ് (Franz Xaver Kappus) റെയ്നർ മരിയ റിൽക്കേയ്ക്ക് ആദ്യത്തെ കത്തെഴുതുന്നത് 1902ലാണ്. റിൽക്കെ അന്ന് ഫ്രഞ്ച് ശില്പിയായ റോദാങ്ങിന്റെ (August Rodin) പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. തന്റെ കവിതകളെക്കുറിച്ചുള്ള റിൽക്കേയുടെ അഭിപ്രായമാണ് കാപ്പുസ്സിന് അറിയേണ്ടിയിരുന്നത്. ഒപ്പം താൻ ഏതു വഴിയിലേക്കാണ് തിരിയേണ്ടതെന്ന് (സാഹിത്യകാരനായുള്ള ജീവിതം തിരഞ്ഞെടുക്കണോ അതോ മിലിട്ടറി പരിശീലനം പൂർത്തിയാക്കി ആസ്ട്രോ-ഹംഗേറിയൻ പട്ടാളത്തിൽ ഓഫീസറാവണോ) എന്നതിൽ ഉപദേശവും തേടുന്നുണ്ട്. റിൽക്കേയുടെ മറുപടി 1903 ഫെബ്രുവരി 17നാണ്. അങ്ങനെ തുടങ്ങിയ ആ കത്തെഴുത്ത് 1908 ക്രിസ്തുമസ്സ് വരെ നീളുന്നു. 1929ലാണ് റിൽക്കെ തനിക്കയച്ച പത്തു കത്തുകൾ കാപ്പുസ് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്. റിൽക്കേ കാപ്പുസിനു നല്കുന്ന ഈ ഉപദേശങ്ങൾ അദ്ദേഹം തനിക്കു തന്നെ നല്കുന്നതായിട്ടു വേണം കാണാൻ. സ്വയം ഒരു തുടക്കക്കാരനായി മാറുകയാണദ്ദേഹം. അങ്ങനെയൊരാൾ സ്വന്തം ജീവിതവും കലയും ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണെന്നതിനുള്ള പ്രമാണങ്ങളാണ് ഈ കത്തുകളിൽ ഉടനീളം ചിതറിക്കിടക്കുന്നത്. ഒരർത്ഥത്തിൽ റോദാങ്ങായി മാറിയ റില്ക്കേയാണ് ആ ഉപദേശി എന്നും വായിക്കാം. കാരണം, ആ ശില്പിയാണ് കവിയെ പഠിപ്പിച്ചത്, ഏകാന്തതയാണ് കലാകാരന്റെ സ്വരാജ്യമെന്ന്, കലയെ നിത്യത്തൊഴിലായി വേണം കാണേണ്ടതെന്ന്.
വിവ: വി. രവികുമാർ.
Reviews
There are no reviews yet.